Friday, 22 July 2016


 കൂൺ: കുമിൾ, പെരുങ്കൂൺ, മഴ കൂൺ, ഉപ്പു കൂൺ, അരിക്കൂൺ, മഴത്തണ്ടൻ, കൊടക്കൂൺ ,പാവക്കൂൺ, എന്ന് തുടങ്ങി' തടിക്കൂണും പുതിയ കണ്ടെത്തലായി വളർത്തിയെടുക്കുന്ന ചിപ്പിക്കൂണുകൾ വരെ മലയാളിക്ക് പരിചിതമാണ്. കർക്കിടക മഴ കലിതുള്ളുന്ന കാടിന്റെ ഹൃദയഭാഗങ്ങളിൽ, മേഘ ഗർജ്ജന താളം ഗണിച്ച് ,മുളയ്ക്കുന്ന കൂണ് ചീഞ്ഞുപോവാതെ കാട്ടാനത്താര വഴി , കൂൺ ശേഖരിക്കുവാൻ പോയ ഓർമ്മകൾ എന്റെ ഉള്ളിലും , നിരനിരയായ് വിടർന്ന് നിൽക്കുന്ന കൂണിന്റെ സുഗന്ധം പരത്തുന്നു, പുരാതന കാലം മുതൽക്കേ കൂണുകളുടെ അത്ഭുത ഗുണങ്ങളെ കണ്ടെത്തുവാൻ, ലോകത്തിന്റെ പല ഭാഗങ്ങളിലും, മനുഷ്യൻ ശ്രമിച്ചിരുന്നുവെന്നത് ചരിത്രത്താളുകളിൽ വ്യക്തമാണ്. അമൃത് പോലെ ഗുണമേകുന്നതും, കാളകൂടവിഷമെന്ന പോലെ ജീവനപഹരിക്കുന്ന വിഷക്കൂണും, ഭൂമിയിൽ കാലഗതിക്കനുസരിച്ച് മുളച്ചു വളരാറുണ്ട്, ആധുനിക ചികിത്സാ ശാസ്ത്രത്തിലെ പെൻസിലിൻ സൃഷ്ടിക്കുന്നതും ഒരു തരം കൂണിൽ നിന്ന് തന്നെയെന്ന് തോന്നുന്നു. ഹരിതക വർണ്ണമില്ലാത്ത മാംസ ഗുണങ്ങൾ തുല്യം ചെയ്യുന്ന കൂണിനെ , ചില ഹൈന്ദവ വിഭാഗ വിശ്വാസികൾ, ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഭ്രഷ്ട് കല്പിച്ചിരുന്നെങ്കിലും വൈദ്യ ശ്രേഷ്ഠൻമാർ കൂണിന്റെ പല വിധ ഗുണങ്ങൾ വർണ്ണിക്കുകയും, ഉപയോഗിച്ചിരുന്നതായും അറിയുന്നു. ആനപ്പിണ്ടത്തിൽ മുളയ്ക്കുന്ന കൂണിന് തേൾ വിഷത്തെ ശമിപ്പിക്കുവാൻ കഴിയും, സിദ്ധവൈദ്യ വിധി പ്രകാരം ചില കൂണുകൾ സ്ഫുടം ചെയ്ത് മറ്റു ദ്രവ്യങ്ങളുടെ ചേർച്ചാ ശക്തിയെ ശത ഗുണീഭവിപ്പിച്ച് സിദ്ധൗഷധങ്ങളാക്കി മാറ്റാറുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ,കൂണിന്റെ അനേക ഗുണവർണ്ണനകളും,പ്രതീക്ഷകളും, പരീക്ഷണങ്ങളും,എല്ലാം നടക്കുന്നു. എന്നാൽ നാം ചെയ്യേണ്ടത്, വർഷത്തിലൊന്ന് ലഭിക്കുന്ന പ്രകൃതിയുടെ വരദാനമായ കൂണിനെ ചവിട്ടിയരച്ചും, പുഴുവിനു കൊടുത്തും നഷ്ടപ്പെടുത്താതെ പറിച്ചെടുത്ത് മഞ്ഞൾ വെള്ളത്തിലിട്ടു വെച്ച് വിധിയാംവണ്ണം പാകപ്പെടുത്തി കഴിക്കുകയെന്നതാണ്

No comments:

Post a Comment