മത്തിപ്പുളി -:::: മീമ്പുളി, പുളിവെണ്ട, ചാളപ്പുളി, വെണ്ടപ്പുളി, കാലാപ്പുളി, പൂമ്പുളി, എന്നൊക്കെ പ്രാദേശിക നാമങ്ങളുള്ള പുളിവെണ്ട, കുറ്റിച്ചെടിയായി വളരുന്നതും കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്നതും, കാലത്തിന് അനുസരിച്ചുള്ള പഴയ കാല ഭക്ഷണ വിഭവങ്ങളിൽ പൂർവ്വികർ ഉൾപ്പെടുത്തിയിരുന്നതുമാണ് .
ഭക്ഷണ ശീലങ്ങളിൽ രുചി ഭേദങ്ങളെ മാത്രം തിരയുന്ന മലയാളിയുടെ കണ്ണുകളിൽ പഴയ കാല വിഭവങ്ങൾ പലതും പഴങ്കഞ്ഞിയായി തീൻമേശയിൽ ഇടം പിടിക്കാതെ പോകുന്നത്,
രോഗവ്യാപനങ്ങൾക്കും, അമിതമായ ഔഷധ ഉപയോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നത് ദു:ഖസത്യമാണ്.
മത്തിപ്പുളി എന്ന പേര് കൊണ്ട് മത്സ്യക്കറിയിൽ മാത്രമേ ഉപയോഗിക്കുവാൻ കഴിയൂ എന്നതല്ല. പൂവും, പൂക്കാത്ത കാലത്ത് തളിരിലയും, ഉപ്പും, കപ്പൽമുളകു ചുട്ടതും, ചെറിയ ഉള്ളിയും, അല്പം വെള്ളുള്ളിയും ചേർത്തരച്ച ചമ്മന്തി, പുഴുങ്ങിയ കിഴങ്ങുവർഗ്ഗങ്ങളുടെ തൊടുകറിയായി കഴിക്കുന്ന സ്വാദിനും മീതെ, ഔഷധമായും പുളിവെണ്ടയെ കാണാം.
പുളിവെണ്ടയുടെ പൂവ് അരച്ച് പിഴിഞ്ഞ നീരിൽ, കറുത്ത മുന്തിരി നീരും, കരിമ്പിൻ നീരും, സമം അളവിലെടുത്ത്, കുറഞ്ഞ അളവിൽ ഏലക്കയും, ജാതി പത്രിയും ജീരകവും പൊടിച്ച് ചേർത്ത്, നാല്പത്തിയൊന്ന് ദിവസം മൺഭരണിയിൽ സൂക്ഷിച്ച് പിഴിഞ്ഞരിച്ച് ,പതിനഞ്ച് മില്ലി വീതം രാത്രി സേവിക്കുന്നത് ബീജ ദോഷങ്ങൾ അകറ്റുവാനും രക്തശുദ്ധിക്കും നല്ലതാണ്.
പുളിവെണ്ടയുടെ പൂവും, ജാതിക്കയും കറിവേപ്പിലയും ഇന്തുപ്പും അരച്ച് നെല്ലിക്ക അളവിൽ മോരിൽ ചേർത്ത് കുടിക്കുന്നത് ദുർമ്മേദസ്സ് കുറയ്ക്കുവാനും അതുവഴി കുടവയറും ശരീര ഭാരം കുറയുന്നതിനും നന്ന്. പൂവില്ലാത്ത കാലത്ത് തളിരിലയും ചേർക്കാം.