Friday 16 December 2016

ഇടംപിരിവലംപിരി :: കയ്യൂൺ, കൈനാര്, കയ്യൂന്നി, കൈവുള, കയ്യൂളനാര്, കയ്പള,എന്നൊക്കെ പ്രാദേശീക നാമങ്ങളുള്ള ഇടം പിരി വലംപിരി,ദക്ഷിണേന്ത്യയിലെ വനമേഖലകളിലും മലയോരപ്രദേശങ്ങളിലും വൻകുറ്റിച്ചെടിയായി വളരുന്നതും, കെട്ടുകയറായും അലങ്കാര വസ്തു നിർമ്മാണങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതുമാണ്. ഇട ത്തേക്കും വലത്തേക്കും പിരിഞ്ഞിരിക്കുന്ന കായയുടെ രൂപം കൊണ്ടായിരിക്കാം ഈ പേരെന്നു കരുതുന്നു.
വള്ളി കയറായി തല്ലിച്ചതച്ച് ഉപയോഗപ്പെടുത്തുന്നതിനപ്പുറം ചില ഔഷധ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന സസ്യമാണ് ഇതെന്ന് പലർക്കും അറിഞ്ഞുകൂടാത്തതുമാണ്. എന്നാൽ ആദിവാസി വൈദ്യൻമാരുടെ ഒറ്റമൂലി ചികിത്സകളിലും, ആയുർവ്വേദ ഔഷധ കൂട്ടുകളിലും ഇടം പിരി വലം പിരിക്ക് സ്ഥാനമുണ്ട്.
കയ്യൂളയുടെ തോൽ ചതച്ച് ചതുരമുല്ലയും തെളളിയും, അരച്ച് പുരട്ടിയതിന് മീതെ കെട്ടിവെക്കുന്നത് അസ്ഥി ക്ഷതങ്ങൾ വേഗത്തിൽ ഭേദമാകുവാൻ നന്ന്.
കയ്യൂള തോലും ഉദിയുടെ തോലും ഇടിച്ചു പിഴിഞ്ഞ നീരിൽ മീറ പൊടിച്ചു ചേർത്ത് തിളപ്പിച്ച് കുറുക്കി മുട്ടയുടെ വെള്ള ചേർത്ത് കടഞ്ഞ് പുരട്ടുന്നതും ക്ഷതങ്ങൾ മാറുവാൻ നന്ന്.
കയ്പള കായും, ഈനാം പേച്ചിയുടെ തോടും ഉടുമ്പിൻ നെയ്യിൽ ചേർത്ത് കൊടുക്കുന്നത് അപസ്മാര രോഗമകറ്റുവാൻ ഏറെ നന്നെന്ന് ആദിവാസി വൈദ്യ ഗുരുക്കൻമാർ അവകാശപ്പെടുന്നു.
കായ പൊടിച്ചത് തേനിൽ ചേർത്ത് കഴിച്ചാൽ വയറിളക്കവും, നോവും ഛർദ്ദിയും ശമിക്കും.
വേരിൻമേൽ തോൽ അരച്ച് ആനച്ചുവടി നീരിൽ ചേർത്തിളക്കി വെയിലിൽ വറ്റിച്ച് ഉണക്കി പൊടിച്ചത് കുറഞ്ഞ അളവിൽ തേനിലോ, നെയ്യിലോ ചേർത്ത് സേവിക്കുന്നത് ഉദര വ്രണങ്ങൾ അകറ്റുവാൻ നന്ന്. തൊലി ചതച്ച് ചവക്കുന്നത് ഇളകിയ പല്ലുകൾ ഉറയ്ക്കുവാൻ നന്ന്.

No comments:

Post a Comment