Sunday 8 May 2016

 91കുന്നിക്കുരു::: കുന്നിമണിച്ചെപ്പും മഞ്ചാടി മണികളും ഭാഷാ പ്രയോഗങ്ങൾ മാത്രമായി മാറിയിരിക്കുന്നു. കാല പുരോഗതിയിൽ ഇടിച്ചുവീഴ്ത്തിയ മൺകൂനകളിൽ പെട്ട്, മുളയ്ക്കാത്ത പതിരു വിത്തുകളായിമാറ്റിയ പഴയ കാല സംസ്കൃതികളിൽ കുന്നിക്കുരു വിന്റെ സ്ഥാനം രാജ തുല്യം.സിദ്ധവൈദ്യ സമ്പ്രദായത്തിൽ ചില ലോഹങ്ങളെ ഉരുക്കി യെടുക്കുവാൻ ക്ഷിപ്ര സാധ്യങ്ങളായ ഔഷധ കൂട്ടുകൾ നിർമ്മിക്കുന്നതിന് കുന്നിക്കുരു പ്രധാനം.
ആധുനികർക്ക് അത്ഭുതമേകുന്ന രസവാദ വിദ്യ കളിലെ ഗൂഢ പ്രയോഗങ്ങളിൽ ലോഹങ്ങളെ ഞൊടിയിടയാൽ മറ്റൊന്നായി സൃഷ്ടിക്കുന്ന മായാ നിയോഗിനി. വിശ്വകർമ്മ പുത്രരിൽ വിശ്വജ്ഞന് കനക രൂപ നിർമ്മിതിയ്ക്കായ് ക്രാസ പെട്ടിയിൽ കിലുങ്ങിയ വൈഭവം.കാലകാലങ്ങളായി അലങ്കാരവും, അഹങ്കാരവും മനുഷ്യനേകിയ മോഹാഭരണങ്ങൾ വിളക്കിയ രഹസ്യ വസ്തു.
ഔഷധ ഗുണവും വിഷ സ്വഭാവവും ഒരു പോലെ പ്രകട മാക്കുന്ന രൗദ്ര സുന്ദരി.
കൈപാക സിദ്ധിയുള്ള വൈദ്യന് അനുഗ്രഹവർഷം ചൊരിയുന്ന മാതാവ്'.
സംസ്കൃതത്തിൽ, ഗുഞ്ജ, സപ്തല, രക്തഫലിക, കാകനന്തി, ചൂഡാമണി, എന്നും, തമിഴിൽ കുന്താമണി, എന്നും വിളിക്കപ്പെടുന്ന കുന്നിയോട് സാദൃശ്യമുള്ള അനേകം വള്ളിച്ചെടികൾ കാണപ്പെടുന്നുണ്ട്. എന്നാൽ കായ്ഫല മുണ്ടാകുന്നത് മൂന്ന് തരത്തിലുണ്ട്, വെള്ളയും, ചുമപ്പും, ഇളം മഞ്ഞ കലർന്ന വെള്ളയും. വേരും, ഇലയും, വിത്തും, ഔഷധയോഗ്യ ഭാഗങ്ങളാണെങ്കിലും, വിഷ സ്വഭാവത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. വിത്ത് പൊട്ടിച്ച് പാലിൽ ഇട്ടു വെച്ചിരുന്നാൽ ശുദ്ധിയാകും.
വിത്ത് അരി കഴുകിയ പുളിച്ച വെള്ളത്തിൽ അരച്ച് വയറിൽ പുരട്ടിയാൽ അതിസാരം നിൽക്കും.
ഇലയും വള്ളിയും അരച്ച് തേൻ ചേർത്ത് കടഞ്ഞ് പുരട്ടുന്നത് നീരുകൾ കുറയ്ക്കുവാൻ നന്ന്.
പഴുതാരവിഷത്തിന് കുന്നിക്കുരു അരച്ചിടുന്നത് വിശേഷം.
വേരും പച്ചമഞ്ഞളും പൈക്കിടാവിന്റെ മൂത്രത്തിൽ അരച്ചിടുന്നത് കുരുക്കൾ പൊട്ടി ശുദ്ധമായി ഉണങ്ങുവാൻ നന്ന്.
ഇല ഇട്ട് നന്നായി തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് കൊണ്ട് വായ്പ്പുണ്ണ് വേഗത്തിൽ മാറും.
മുടി വട്ടത്തിൽ പൊഴിയുന്ന ഇന്ദ്ര ലുപ്തമെന്ന രോഗത്തിന് കുന്നിക്കുരു തേനിൽ അരച്ച് പുരട്ടുന്നത് വിശേഷം, അനേക ഔഷധങ്ങളുടെ കൂടെ ചേർത്ത് തൈലങ്ങളാക്കിയും ഇന്ദ്ര ലുപ്തത്തിന് വിധികളുണ്ട്.
വിത്ത് പാലിൽ ഇട്ട് വെച്ചിരുന്ന് രണ്ടു മണിക്കൂറിനു ശേഷം എടുത്ത് തൊലി കളഞ്ഞ് ഉണക്കി പൊടിച്ചതിൽ സമത്തൂക്കം പച്ചയായ വേരും അരച്ച്, നെയ്യിൽ ചാലിച്ച് തലയിൽ തളം വെക്കുന്നത് പഴകിയ തലവേദന അകറ്റുവാൻ നന്ന്.
സേവിക്കുവാനുള്ള ഔഷധ പ്രയോഗ ങ്ങളിലെ പാകപിഴവ് അപകടത്തെ യുണ്ടാക്കുമെന്ന് ഭയന്ന് മറച്ചുവെയ്ക്കേണ്ടതായി വന്നിട്ടുണ്ട്.

No comments:

Post a Comment