92]പേരാൽ::: ന്യഗ്രോധ എന്ന് സംസ്കൃതനാമമുള്ള പേരാൽ, യോഗ വിധികളിൽ ക്ഷീരത്വക് എന്ന നാല്പ്പാമര ത്തിലെ രണ്ടാമൻ.വൃക്ഷ രാജാവായി വിശേഷപ്പെടുത്തുന്ന അരചനാലെന്ന അരയാലിന്റെ ബന്ധു. മനുഷ്യകുലത്തിന്റെ കാലാകാല കർമ്മ ദോഷചെയ്തികൾ വിഷപ്പുകച്ചുരുളുകളായ്, ജീവ വായുവിനെ ദുഷിപ്പിക്കുമ്പോൾ, തെറ്റിന്റെയും ശരിയുടെയും അളവ് നോക്കാതെ ,ക്ഷമയോടെ തന്റെ ഊർജ്ജം മനുഷ്യന് പ്രാണനായ് നൽകുന്ന വടവൃക്ഷ മുത്തശ്ശൻ. ചരിത്രത്താളുകൾ മറിച്ചു നോക്കിയാൽ 'വരാഹമിഹിരാചാര്യനും, ചാണക്യനും, രാജ്യത്തെ ജലക്ഷാമ രോഗാദികളിൽ നിന്ന് രക്ഷിക്കുവാൻ ഈ വടവൃക്ഷത്തെ വെച്ചുപിടിപ്പിച്ചതായി അറിയുവാൻ കഴിയും. യക്ഷ ഗന്ധർവ്വ ഭൂതാതികൾ അധിവസിക്കുന്ന വൃക്ഷ ശ്രേഷ്ഠതയ്ക്ക് മാനവന്റെ മൂർച്ചയേറിയ മഴുവിന്റെ ക്രൂരത ഏല്ക്കാതിരിക്കുവാൻ ദീർഘദർശികളായ പൂർവ്വികർ, യുക്തിയാൽ നൽകിയ കഥകൾ" പല ദേശങ്ങളിലും പല കാലത്തും 'ഈ വൃക്ഷത്തിന് രക്ഷയേകിയെങ്കിലും. വഴിയോരങ്ങളിൽ തണലും, ശുദ്ധതയുമേകിയ പല വടവൃക്ഷങ്ങളും, യന്ത്ര കിന്നരൻമാർ ഭക്ഷണമാക്കി. പൂർവ്വികർ നല്കിയ വിശ്വാസങ്ങളിൽ വേർ താഴ്ത്തി സുരക്ഷിത ഗാംഭീര്യത്താൽ യക്ഷ, ഗന്ധർവ്വ ഭൂതാതികൾക്ക് വാസഗൃഹമൊരുക്കി. സന്തോഷ ചിത്തനായി കാറ്റിൽ മൂളി പാടുന്ന കാഴ്ച, ക്ഷേത്ര കാവുകളിൽ മാത്രമേ ഇന്നു കാണുവാൻ കഴിയൂ. എല്ലാം, അറിയുകയും, നേടുകയും ചെയ്യുന്ന വർത്തമാനകാല മനുഷ്യൻ പൂർവ്വികർ നമുക്ക് നൽകിയ യുക്തി ചിന്തകളെ, ഹരിച്ചും, ഗുണിച്ചും, പഠിക്കേണ്ടുന്നത് വരും തലമുറയ്ക്കെങ്കിലും ഗുണമേകുമെന്ന് കരുതാം. അരയാൽ, പേരാൽ, അത്തി, ഇത്തി, ചേർന്നതിനെയാണ് നാല്പാമര മെന്ന് വിളിക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ, ആൽ, അരയാൽ, അത്തി, ഇത്തി, എന്ന് പറയുന്നു. പേരാലിനെ ഒഴിച്ചു നിർത്തിയ നാലപ്പാമര പ്രയോഗത്തെ ശീലിക്കുന്നത് വൈദ്യന് നന്നല്ലെന്ന് വൃദ്ധവൈദ്യ മതം ശേഷം യുക്തി പോലെ.
പേരാൽ മൊട്ട് ചേർന്ന ഘൃത പ്രയോഗങ്ങൾ വന്ധ്യതാ ചികിത്സയിൽ പ്രധാനമായും ഉപയോഗിച്ചു പോരുന്നു. തൂങ്ങിക്കിടക്കുന്ന
വേര്ചതച്ച്, സമം നെല്ലിക്കത്തോട് ചേർത്ത്, മൺചട്ടിയിൽ മുങ്ങത്തക്ക അളവിൽ വെളിച്ചെണ്ണ ചേർത്ത് വെയിലിൽ വെച്ച് നാല്പത്തിയൊന്ന് ദിനം കഴിഞ്ഞ് പിഴിഞ്ഞരിച്ചു വെച്ച് ,തലയിൽ തേച്ച് കുളിക്കുന്നത് ,മുടിയിൽ കായകെട്ടിയുണ്ടാകുന്ന ദോഷങ്ങൾ മാറുകയും, മുടി കറുക്കുകയും ചെയ്യും.'
തോൽ തിളപ്പിച്ചു തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വാതവേദനകൾ, അകറ്റുകയും, ത്വക് രോഗങ്ങൾക്ക് വിശേഷ ഗുണത്തേയേകുന്നതുമാണ്.
ക്ഷതം മൂലമുണ്ടാകുന്ന ശ്വാസ രോഗങ്ങൾക്ക് തളിരില അരച്ച് കുറഞ്ഞ അളവിൽ മോരിൽ ചേർത്ത് സേവിക്കുന്നത് വിശേഷം.