89
ആലം ::: പേഴ്, ആലനത്ത്, എന്ന് പ്രാദേശീകമായും, കടഭീ, കുംഭി, എന്ന് സംസ്കൃതത്തിലും, ആയിമാ, പുട്ട കുമ്പി, എന്ന് തമിഴിലും അറിയപ്പെടുന്ന ആലമരത്തിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും, കേരളത്തിന്റെ, കടൽ തീര പാദപ്രദേശം മുതൽ ശിരോകൊടുമുടികൾ വരെ, അല്‌പമൊന്ന് ദുർഗന്ധം പരത്തിയാലും, മനോഹര പുഷ്പങ്ങൾ കൊണ്ടും കൗതുകമുണർത്തുന്ന ഫലങ്ങൾ നിറച്ചും ഭൂമിക്കു ഭംഗി ചാർത്തുന്ന ആലം.
തച്ചന്റെ കരവിരുതിൽ രൂപം നേടി, താളലയ സൂക്ഷ്മതയോടെ നെൽമണികളെ ജീവാന്നമായി മാറ്റി മിനുക്കിയെടുത്ത, പോയ കാല സ്മൃതി വസ്തുക്കളിൽ പ്രധാനിയായ ഉരലിന് ഗൃഹാന്തർഭാഗങ്ങളിൽ സ്ഥാനമുണ്ടായിരുന്നത് വർത്തമാനകാലത്തിലപൂർവ്വം, ഉരലിന്റ ഉപയോഗം, യന്ത്രങ്ങൾക്ക് വഴിമാറിയതിനാൽ വന്നു ഭവിച്ച രോഗങ്ങളുടെ പട്ടിക വിവരിക്കുന്ന വൃദ്ധ വൈദ്യന്റെ പഴമ്പാട്ടിന് ശസ്ത്ര നോവിന്റെ കാലത്ത്, വിലയേതുമില്ലെന്നറികിലും, ആലത്തിന്റെ ഔഷധഗുണത്തെ അറിയുന്നത് നന്ന്.
ഇതിന്റെ തളിരില പിഴിഞ്ഞ നീര് അല്പ അളവിൽ കഴിച്ചാൽ പോലും മലത്തെ ബന്ധിക്കുന്നതാണ്.
തൊലി ഉണക്കിപ്പൊടിച്ച് അമുക്കുരവും, നറു നീണ്ടിയും ചേർത്ത് പാലിൽ തിളപ്പിച്ചു സേവിക്കുന്നത് ത്വക് ദോഷങ്ങൾക്ക് ശമനമുണ്ടാക്കും.
തൊലിയും, പറങ്കിമാവിൻ തൊലിയും, പേരയിലയും തിളപ്പിച്ച് അരിച്ചെടുത്തതിൽ ഇന്തുപ്പ് പൊടിച്ച് ചേർത്തു കവിൾകൊള്ളുന്നത് ദന്തരോഗങ്ങൾക്ക് ശമനമുണ്ടാക്കും.
വേരിൻമേൽ തൊലി അരച്ച് വെക്കുന്നത് മുറിഞ്ഞയുടനുള്ള രക്തസ്രാവത്തെ നിർത്തുവാനുത്തമം.
തൊലിയും, പൂവും കഷായമാക്കി തേൻ മേമ്പൊടി ചേർത്തു സേവിക്കുന്നത് പൂർവ്വ ക്ഷതങ്ങൾക്കും, കാസ രോഗങ്ങൾക്കും ശമനമുണ്ടാക്കും.
ചിലന്തി വിഷത്തിന് തോൽ ഇടിച്ചു പിഴിഞ്ഞതിൽ ആട്ടിൻ മൂത്രം ചേർത്ത് ധാര ചെയ്യുന്നത് കൊണ്ട് വിഷം ശമിക്കും.
തോൽ അരച്ച് പുരട്ടുന്നത് തേൾ വിഷത്തിന് നന്ന്.